Aug 29, 2010

സന്ധ്യ തന്‍ പ്രിയമാര്‍ന്ന പൂവേ



സന്ധ്യ തന്‍ പ്രിയമാര്‍ന്ന പൂവേ
നീ പുലരിയില്‍ അടരാതെ!
ഏതോ വിഷാദം അറിയാതെ നിന്നെ
തരളമായി പുല്‍കിയോ... സാന്ദ്രമീ മഞ്ഞലയില്‍


അഴകേ നിന്‍ സുരഭില ദലമെന്തേ
അറിയാതെ നനുനനെ നനവൂറി
ആരാരും കേള്‍കാത്ത നിന്‍ മോഹങ്ങള്‍,
എന്നോടായ്  ചൊല്ലാമോ ഈ വേളയില്‍?
എന്നെന്നും നിന്നുള്ളം മൗനമായ് തേടും സാന്ത്വനമേകാന്‍

മൃദുലേ നിന്‍ നിനവില്‍ ഇന്നെന്തേ,
പിരിയാത്ത നിഴലായ് നോവേറേ?
ആലോലം പൂന്തെന്നല്‍ നിന്നെ തലോടവേ,
നിന്‍ ശോകം മായില്ലേ  ഓര്‍മ്മകള്‍ പോലെ?
ഇനി നിന്നെ പുണരില്ലേ , മൃദുവായ്  വീണ്ടും ആനന്ദഭാവം? 

*****
All rights reserved for the poem. Rahul Soman©

Aug 18, 2010

പൊന്നോണ സുര്യനുദിച്ചേ!



പൊന്നോണ സുര്യനുദിച്ചേ, പൂമാനം കസവണിഞ്ഞേ,
പൂഞ്ചോല നിറ കവിഞ്ഞേ, പൂങ്കാവ് പൂത്തുലുഞ്ഞേ,
ഓണ നാളിന്‍ ഉത്സവം, നാടാകെ  ആമോദം,
വര്‍ണ്ണ പൊലിമ നല്‍കി, വരവേല്പിന്‍ ആഘോഷം,
ഓണം വന്നോണം വന്നേ തക തക!

 ഓണ കിളി മൂളിയ പാട്ടിന്റെ ഈണത്തില്‍,
തുമ്പയും തെച്ചിയും ആടുന്നു താളത്തില്‍,
പൂവെല്ലാം തഴുകി വരും കുസൃതി പൂന്തെന്നലിന്‍
കിന്നാരം കേട്ടുലയും പൊന്‍ വയലേലകള്‍.
ഓണ നാളിന്‍ ഉത്സവം, നാടാകെ  ആമോദം,
വര്‍ണ്ണ പൊലിമ നല്‍കി, വരവേല്പിന്‍ ആഘോഷം,
ഓണം വന്നോണം വന്നേ തക തക!

പുലരിപ്പൊന്നൊളിവീശി മിന്നും പൂവാടിയിൽ,
പൂന്തേൻ നുകർന്നീടാൻ എത്തും പൂത്തുമ്പികൾ,
മാനത്ത് വിരിയുന്ന മാരിവില്‍ പൂവണിയും,
മാവേലി മന്നനെ എതിരേല്‍ക്കാന്‍ നിന്നല്ലോ.
ഓണ നാളിന്‍ ഉത്സവം, നാടാകെ  ആമോദം,
വര്‍ണ്ണ പൊലിമ നല്‍കി, വരവേല്പിന്‍ ആഘോഷം,
ഓണം വന്നോണം വന്നേ തക തക!
*****

All rights reserved for the poem. Rahul Soman©
NB: Please click here to listen to the song.