സന്ധ്യാനേരം നിലവിളക്കുമായ് കൃഷ്ണാ
നിൻമുന്നിൽ ഞാൻ ഏകയായി..
ചന്ദനത്തിരിയാലെങ്ങും സുഗന്ധം
നിറയുന്നുവെന്നിൽ നിൻ ദിവ്യരൂപം....
നിൻ മോഹനസുന്ദരവദനം കാണുവാൻ
മോഹിച്ചുനിന്നതാണീ രാധ
എൻ പ്രാർത്ഥനയിൽ നീയലിയുകില്ലേ
ഈറന്മിഴി നീ മായ്ക്കുകില്ലേ..?
തുളസിക്കതിരിനോടുള്ള പ്രിയം
ഒരു മലരോളമെന്നിൽ ചൊരിയുകില്ലേ..?
ഇളംകാറ്റു മെല്ലെ തലോടുംപോലെ നിൻ
കൃപാകടാക്ഷമെന്നെ തഴുകുകില്ലേ...
അറിയാതെ എൻമനമറിയാതെ ഞാനൊരു ഗോപികയായി...
അങ്ങൊരു ഗോപകുമാരനായി പുണരുന്നുവെന്നു ഞാനോർത്തുപോയി...
നെറ്റിയിൽ വരച്ചൊരീ കളഭക്കുറി
നിൻ മൃദുചുമ്പനം പോൽ സാന്ത്വനമായ്
തിരിയുടെ നാളത്തിൽ നിന്നെ തിരഞ്ഞപ്പോൾ
കണ്ടതോ അഴകുള്ള കള്ളച്ചിരി
കാർമുകിൽ വർണ്ണാ കായാമ്പൂവർണ്ണാ അലിയുകില്ലേ..
നിൻ പാദപദ്മത്തിൽ ഒരു മൺതരിയായ് കഴിഞ്ഞോട്ടെ...
*****
All rights reserved for the poem. Rahul Soman©